Powered By Blogger

മാവ് പൂത്ത കാലം



രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ ലീവിന് പോയപ്പോള്‍ എടുത്ത ഒരു ചിത്രം പൊടിതട്ടി എടുത്തതാണ്. ഈ മാമ്പൂക്കളില്‍ കുറെയൊക്കെ പണ്ടേ കൊഴിഞ്ഞ് പോയിരിക്കും. ബാക്കിയുള്ളവ ഇതിനോടകം വിരിഞ്ഞ് മാങ്ങയായി മൂത്ത് പഴുത്ത്, കിളികളും, കാക്കകളും,അണ്ണാനും
അണ്ടിപോലും ബാക്കി വെക്കാതെ അടിച്ച് മാറ്റിയിരിക്കും. ഇവിടെ നിന്ന് വീണ്ടും ഈ ചിത്രം കണ്ടപ്പോള്‍ ഒന്ന് പോസ്റ്റാമെന്ന് തോന്നി.
കുറേ ദിവസമായി മടിപിടിച്ചിരിക്കുന്നു,
അടിക്കുറിപ്പ് എന്തെഴുതുമെന്ന് ആലോചിച്ചിരുന്നപ്പോള്‍ പഴയ ആ കുട്ടിക്കാലം വെറുതെ ഓര്‍ത്തു പോയി.
(ക്ഷമിക്കണം! ഈ ബ്ലോഗ് തുടങ്ങിയത് മുതലുള്ള ഒരു സൂക്കേടാണ്)

പറമ്പ് നിറയെ പന്തലിച്ച് പൂത്ത് നില്‍ക്കുന്ന മാവുകള്‍.. വള്ളി ട്രൌസറുമിട്ട് ചുണ്ടില്‍ മാങ്ങാ ചുണയുമായി നടന്നിരുന്ന ഒരു കാലം.
മാവുകള്‍ മാത്രമുള്ള ഒരു പറമ്പായിരുന്നു ഞങ്ങളുടേത്. നട്ടുച്ചക്കും വെയില്‍ കൊള്ളാതെ പറമ്പില്‍ കളിച്ച് നടക്കാം.
പരന്ന് പടര്‍ന്ന് നില്‍ക്കുന്ന ചില മാവുകളില്‍ ‘മരക്കോരങ്ങന്‍ കളി‘ ഞങ്ങളുടെ ഇഷ്ട്ട വിനോദമായിരുന്നു. മാവ് പൂത്തു തുടങ്ങുമ്പോള്‍ കാറ്റിന് ഒരു പ്രത്യാക ഗന്ധമാണ്.
എന്തൊക്കെ തരം മാവുകളായിരുന്നു അരിമാവ്, തേങ്ങാമാവ്, തത്തമ്മചുണ്ടന്‍, ചപ്പിക്കുടിയന്‍, മൂവാണ്ടന്‍, പുളിയന്‍, ഗോമാവ്, നാരങ്ങാമാവ്..


[ഇവയുടെ പലതിന്റേയും യഥാര്‍ത്ഥ പേര് അല്‍ഫോന്‍സൊ, ബദാമി, രാജ്പൂരി എന്നൊക്കെയാണെന്നറിഞ്ഞത് ഇവിടുത്തെ മാന്‍ഗോ ഫെസ്റ്റിവലില്‍ നിന്നാണ്. ഫെസ്റ്റിവല്‍ മാങ്ങകള്‍ കാഴ്ചയില്‍ എറെക്കുറെ സമാനമെങ്കിലും മധുരത്തിന്റെ കാര്യത്തില്‍ പണ്ടത്തേതിന്റെ നാല് അയല്‍പ്പക്കം അകലെ]


പിന്നീട് തെങ്ങുകള്‍ വെക്കാനായി ഞങ്ങളുടെ പ്രിയപ്പെട്ട മാവുകളുടെ കടക്കല്‍ ഒന്നിന് പിറകെ ഓന്നായി കോടാലി വീഴുന്നത്
വേദനയോടെ നോക്കിനില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. ഞങ്ങളുയര്‍ത്തിയ പ്രതിഷേധപ്രകടനങ്ങള്‍ക്ക് അടുക്കളയുടേ അതിര്‍ത്തിക്കപ്പുറം ആയുസ്സുണ്ടായിരുന്നില്ല.
ഇന്ന് തെങ്ങുകള്‍ നിറഞ്ഞ് നില്‍ക്കുന്ന പറമ്പിന്റെ അങ്ങിങ്ങ് വാര്‍ധക്ക്യത്തിന്റെ അവശതയിലെങ്കിലും ഗതകാല പ്രൌഡിയുടെ ഉജ്ജ്വല സ്മാരകങ്ങളായി ഉയര്‍ന്ന് നില്‍ക്കുന്ന മാവുകള്‍ കാണുമ്പോള്‍ ഒരു ആശ്വാസമാണ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ആത്മബന്ധത്തിന്റെ ആ പഴയ നാളുകളെ കുറിച്ചുള്ള ചില നല്ല ഓര്‍മ്മകള്‍..


ങ്ഹാ.. കാലമെത്ര കടന്നു പോയി..
പഴയ കൂട്ടുകാരില്‍ ചിലരെല്ലാം അകാലത്തില്‍ കൊഴിഞ്ഞ് കാല യവനികക്കുള്ളില്‍ മറഞ്ഞ് പോയി. ഒന്നും നമ്മെ ചിന്തിപ്പിക്കുന്നില്ല.
ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ഹ്രസ്വമായ ജീവിത യാത്രയില്‍ നമ്മെ ഇത്ര തിരക്കു പിടിപ്പിക്കുന്നതെന്താണ്?


“അവനാകുന്നു മണ്ണില്‍ നിന്ന് നിങ്ങളെ സ്രഷ്ട്ടിച്ചവന്‍, പിന്നെ ബീജ കണത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്ത് കൊണ്ടുവരുന്നു. നിങ്ങളുടെ പൂര്‍ണ്ണ ശക്തി നിങ്ങള്‍ പ്രാപിക്കുന്നതിന്നും, പിന്നീട് നിങ്ങള്‍ വ്രദ്ധരായി തീരാനും വേണ്ടിയാണിത്.നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിര്‍ണ്ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരാനും, ഒരു വേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നതിന്നും വേണ്ടി.“
വിശുദ്ധ ഖുര്‍-ആന്‍(40.67)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ