Powered By Blogger

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..



പാടവും,തോടും,കായലും,കുളങ്ങളും,പൂക്കളും,പുഴകളും നിറഞ്ഞ നമ്മുടെ ആ പഴയ
ക്കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നു എന്ന് നാം പലപ്പോഴും പരിതപിക്കാറുണ്ട്.
ആരാണ് അവര്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയത്?
നാട്ടിലുള്ളപ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ കുട്ടികളുടെ കയ്യും പിടിച്ച് നാം നെല്‍പ്പാടങ്ങളിലേക്ക് ഇറങ്ങി നടന്നിട്ടുണ്ടോ?
തോട്ടു വക്കത്തിരുന്നു ചൂണ്ടയിട്ടിരുന്ന, കൂന്തപ്പൂവ് പറിക്കാന്‍ പോയി
ചളിയില്‍ പൂണ്ടുപോയ, മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞപ്പോള്‍ വാഴത്തണ്ടുകള്‍ കോര്‍ത്ത് ചങ്ങാടമുണ്ടാക്കി മാങ്ങാ-തോട്ടി കഴുക്കോലാക്കി തുഴഞ്ഞ് കളിച്ച ആ പഴയ കുസൃതിക്കാല സ്മരണകള്‍ എപ്പോഴെങ്കിലും നാം അവരോടോത്ത് പങ്കുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
(ഒടുവില്‍ ഇരുള്‍ പരന്നു തുടങ്ങുമ്പോള്‍ കളിനിര്‍ത്തി അടുക്കള വാതിലിലൂടെ പമ്മി പമ്മി വീട്ടില്‍ നുഴഞ്ഞു കയറുമ്പോള്‍ അച്ചന്റെ മുന്നില്‍ തന്നെ ചെന്ന് പെട്ടതും പുളിവടി കൊണ്ട് പൊതിരെ തല്ല് കൊണ്ടതും ഏതായാലും പറയേണ്ട)

തിരക്കിനിടയില്‍ നമുക്കെവിടെ ഇതിനെല്ലാം നേരം?
ഇനി സമയം കിട്ടിയാല്‍ തന്നെ വയലും തോടും പുഴകളുമെവിടെ?
പാടങ്ങളായ പാടങ്ങളൊക്കെ നമ്മള്‍ മണ്ണിട്ട് നിരത്തി കോണ്‍ക്രീറ്റ് വല്‍ക്കരിച്ചില്ലേ..
ഒടുവില്‍ അന്നത്തിനായി അന്ന്യന്റെ വണ്ടിയും കാത്ത് കിടക്കേണ്ട ഗതികേടിലായത് മിച്ചം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ